2009, ഡിസംബർ 19, ശനിയാഴ്‌ച

മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ്

"സ്വാതന്ത്ര്യം തന്നെ അമൃതം, പരാതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം "
ഒരു പാട് നാളുകളായി കാത്തിരുന്ന ആ സ്വാതന്ത്ര്യം ഇന്നെനിക്കു കയ്യെത്തും ദൂരത്താണ്. കൂട്ടിലടച്ച കിളി എന്ന പ്രയോഗം ഇവിടെ യോജിക്കില്ല - എങ്കിലും ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഒരു കൂട്ടില്‍ തന്നെയായിരുന്നു.

സാമ്പത്തിക പ്രതിസന്ധി വ്യാപാര-വ്യവസായ മേഖലകളെ ബാധിച്ചപ്പോള്‍ എന്റെ നില ഭദ്രമെന്നോര്‍ത്തു ഞാന്‍ സന്തോഷിച്ചിരുന്നു . വെല്ലുവിളികള്‍ ഉയര്‍ത്താന്‍ പോന്ന ആരെയും ഞാന്‍ എന്റെ തട്ടകത്തില്‍ കണ്ടില്ല. ഒരു പക്ഷെ അതെന്നെ അഹങ്കാരിയാക്കിയിരുന്നിരിക്കണം. പലപ്പോളും എനിക്ക് അഭിമുഖമായി നില നിന്നിരുന്ന കണ്ണാടിച്ചില്ലുകള്‍ തകര്‍ന്നു പോയിരുന്നു. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവായി ഞാന്‍ അവരോധിക്കപെട്ടു.

ഞാന്‍ വിഡ്ഢിവേഷം കെട്ടുകയാണെന്ന് പതിയെയാണ് മനസിലായത്. പലരും കൂട് വിട്ടു കൂട് മാറിതുടങ്ങിയിരുന്നു. കൊടുംകാറ്റിലും ഇളകാത്ത എന്റെ കൂട്ടില്‍ ഞാന്‍ ദീര്‍ഘ സുഷുപ്തിയില്‍ ആയിരുന്നു. എന്റെ പ്രഭാതങ്ങള്‍ പലപ്പോഴും പൊട്ടക്കിണറ്റിലെ തവളയുടെ കരച്ചില്‍ കേട്ടാണ് ആരംഭിച്ചിരുന്നത്. ഒരു ചിരട്ട വെള്ളത്തിലെ ഉറുമ്പിനെ പോലെ മുങ്ങി മരിക്കരുമോ എന്ന ഭയം എന്നെ ഗ്രസിച്ചിരുന്നു. കാലത്തിന്റെ ഉറച്ച കാല്‍വെയ്പ്പുകള്‍ എന്റെ ചിരട്ടയില്‍ പ്രകമ്പനങ്ങള്‍ ഉണ്ടാക്കി . ആ തിരമാലകളില്‍ ഞാന്‍ ഒരിറ്റു ശ്വാസത്തിനായി പരാക്രമം പൂണ്ടിരുന്നു.
ഒടുവില്‍ ഇന്ന്, ആരോ തട്ടി തെറിപ്പിച്ച ചിരട്ടയ്ക്ക്‌ വെളിയില്‍, സിമന്റ്‌ തറയില്‍ ഞാന്‍ എന്റെ നില മനസിലാക്കുന്നു. എന്റെ യാത്ര യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ്‌ ആരംഭിക്കുന്നത് . ഇത് വരെ നീന്തി തളര്‍ന്നത് വെറുതെ.

ചക്രവാള സീമയില്‍ എങ്ങോ ഉള്ള ഒരു സ്വപ്നരാജധാനി തേടി ഈ മുറിമൂക്കന്‍ യാത്ര തുടരുന്നു ...

1 അഭിപ്രായം: