2010, ജൂലൈ 14, ബുധനാഴ്‌ച

ചിന്താവിഷ്ടനായ രാമന്‍


ദേവപ്രതാപിന്റെ വെടിയെറ്റു ആഴങ്ങലിലേക്കു വീണുപോകുന്ന ബീര. ബീരയെ നോക്കി അലറിക്കരയുന്ന രാഗിണി. ഈ ദേവാസുര യുദ്ധത്തിൽ രാമനാര്‌ രക്ഷസനാര്‌ എന്ന ബീരയുടെ ചോദ്യത്തിനുത്തരം ആരാണു നൽകേണ്ടതു?
"രാമായണ കഥയുടെ ഒരു തനിയാവർത്തനം ആധുനിക കാലഘട്ടത്തിൽ നടക്കുകയാണെങ്കിൽ ഒരു അഗ്നി പരീക്ഷയ്ക്കു സീത തയ്യാറാകുമോ?" എന്ന ചോദ്യത്തിനുത്തരമാണു മണിരത്നത്തിന്റെ രാവൺ/രാവണൻ. സീതാ ദേവിയും രാഗിണിയും ഭാരതത്തിന്റെ രണ്ടു കാലഘട്ടങ്ങളിലെ സ്ത്രീത്ത്വത്തിന്റെ വക്താക്കളാണ്‌. ഭാരത സ്ത്രീത്ത്വത്തിനുണ്ടായ മാറ്റമായിരിക്കണം ഈ സർഗസൃഷ്ടിക്കു പിന്നിൽ.

കർമ്മം കൊണ്ടു ദേവനാണു ബീരയും ദേവപ്രതാപും. ആസുരഭാവം രാഗിണിയ്ക്കില്ലെങ്കിലും കഥയിലെ പ്രതിനായക സ്ഥാനം രാഗിണിക്കു തന്നെ. രാമയണത്തിൽ, രാവണ നിഗ്രഹം കഴിഞ്ഞെത്തിയ ശ്രീരാമൻ സദാചാരത്തിന്റെ പേരിൽ സീതാ ദേവിയുടെ പാതിവൃത്ത്യത്തെ സംശയിച്ച നടപടി ഇന്നും ദഹിക്കാതെ കിടക്കുമ്പോഴാണ് 'രാവണൻ' എത്തുന്നതു.
പുതിയ പതിപ്പിൽ രാഗിണിയെ അവിശ്വസിക്കുന്നതായി ഭാവിക്കുന്ന ദേവ്‌, ശ്രീരാമ കഥയിലെ അജീർണത്ത്വം ഇല്ലാതാക്കി. രാവണൻ അന്നുമിന്നും തന്റേതായ ശരികളിൽ ജീവിച്ചു മരിക്കുന്നു. മഹത്തായ ഏതിനോടും തോന്നുന്ന അഭിവാജ്ഞ അതായിരുന്നു രാവണനു സീത.

സ്വന്തം ഭർത്താവിൽ നിന്നും അവിശ്വാസത്തിന്റെ വാക്‌ ശരമേൽക്കുന്ന രാഗിണി ഒന്നു പകച്ചുവെങ്കിലും ബീരയുടെ വെളിപ്പെടുത്തലായി ദേവ്‌ പറയുന്നതൊന്നും വിശ്വസിക്കുന്നില്ല. ഒരിക്കലും ബീരയ്ക്കു അങ്ങനൊരു അഭിപ്രായം തന്നെകുറിച്ചു ഉണ്ടാകില്ലെന്ന ഉത്തമ ബോധ്യം രാഗിണിയെ ബീരയിലേക്കെത്തിക്കുന്നു.

സ്വന്തം ഭാര്യയുടെ സൗന്ദ്യര്യം കാണണമെങ്കിൽ അയൽക്കരന്റെ കണ്ണിലൂടെ നോക്കണമെന്നു പഴമൊഴി ശരിയെന്നു സങ്കൽപ്പിക്കുന്ന രാഗിണിമാർ സ്വന്തം ഭർത്താവിനും അയാളുടെ വിശ്വാസങ്ങൾക്കും വില കുറച്ചു കാണുകയാണൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. "ഭാരത സ്ത്രീകൾതൻ ഭാവശുദ്ധി" എന്ന പദ പ്രയോഗത്തിനാധാരം ഇവിടെ ജീവിച്ചിരുന്ന സതീരത്നങ്ങൽ ആയിരുന്നു. ഇനിയങ്ങോട്ടു ഈ ജനുസ്സു പ്രതീക്ഷിക്കേണ്ട എന്നാണോ ലക്ഷണങ്ങൾ സൂചിപ്പിക്കുന്നതു?? പുരുഷനൊപ്പം സമത്വം വേണമെന്ന വാദഗതിയുമായി സ്ത്രീ മുന്നോട്ടു പോകുമ്പോൾ കൈ വിരലുകൾക്കിടയിലൂടെ ചോർന്നു പോകുന്ന ഭാരതീയ സംസ്കാരത്തെക്കുറിച്ചാരും ചിന്തിക്കുന്നില്ല.