2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

സ്റ്റേവയർ



അംഗീകാരങ്ങൾ, ചെറുതും വലുതും , പലപ്പോഴും സ്റ്റേവയർ പോലെയാണ്; നല്ല കാലത്ത് സമൂഹത്തിന്റെ മുന്നിൽ തല ഉയർന്നു തന്നെ നിൽക്കാൻ പല കോണുകളിലേക്കായി അത് വലിച്ചു കെട്ടിയിരിക്കുന്നു. ഏറെക്കുറെ സ്ഥായിയായ ആ നിൽപ്പിൽ കാലം വരുത്തുന്ന കാതലായ മാറ്റങ്ങൾ പലപ്പോഴും പുറം ലോകമറിയില്ല.

എന്നെങ്കിലുമൊരിക്കൽ തല കുനിക്കേണ്ട അവസ്ഥ വരുമ്പോൾ ഈ സ്റ്റേവയർ പ്രതികൂലമാകും. ജീർണിച്ചു തുടങ്ങുമ്പോൾ വലിച്ചു കെട്ടിയ ഭാഗങ്ങൾ പതിയെ അടരാൻ തുടങ്ങും. അത് മനസിലാക്കാൻ നമ്മൾപലപ്പോഴും വൈകും. അത് മനസിലാക്കി, സ്റ്റേവയറുകൾ എല്ലാം അഴിച്ചു വരുമ്പോഴേക്കും സമയം എത്തിപ്പിടിക്കാനാവാത്തത്ര ദൂരം പോയ്ക്കഴിഞ്ഞിരിക്കും.

 അംഗീകാരങ്ങൾ - പുരസ്കാരങ്ങൾ എന്ന ചെറിയ അർത്ഥത്തിലേക്ക് അതിനെ ഒതുക്കരുതെന്നു അപേക്ഷ.


2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

ഇതേ ലിമിറ്റെഡാ ...


കഥാനായകൻ : ഡോ , കുറെ നേരമായല്ലോ ഇവിടെ കിടക്കാൻ തുടങ്ങിയിട്ട്?  ഇതിവിടുന്നു എപ്പോഴാ എന്ന് അനങ്ങുക?

കണ്ടക്ടർ : ഒന്നടങ്ങു ചേട്ടാ , പഞ്ചിംഗ് ടൈം ആയിട്ടില്ല.

കഥാനായകൻ : ആളുകൾക്ക് പോയിട്ടു വേറെ പണി ഒള്ളതാ .. ഇവന്മാരുടെ .ഒരു ..

( അഞ്ചു മിനിട്ടിനു ശേഷം )

കഥാനായകന്റെ മൊബൈൽ റിംഗ് ചെയുന്നു

ങാ ഡാ , ഞാൻ ദാ എത്തി , നീയൊരു 10 മിനിറ്റ് ക്ഷമി ..

മറുതല : എങ്ങനാ വരുന്നേ? താനെവിടെ എത്തിയിപ്പൊ?

കഥാനായകൻ : ഞാൻ ദേ ___ മുക്ക് കഴിഞ്ഞു

മറുതല: കോപ്പ് , എന്നിട്ടാണോ 10 മിനിറ്റ്? താനിവിടെ എത്തുമ്പോ 20 മിനിറ്റ് എന്തായാലും ആകും ഞാൻ ഇറങ്ങുവാ

കഥാനായകൻ : ഒന്ന് പോടാപ്പാ , ഞാൻ നമ്മടെ സ്ഥിരം ബസ്സിലല്ല, ഇത് മറ്റേ ഗ്രൂപ്പാ, ഇത് പുലി അല്ലേ പുലി, ഇതേ ലിമിറ്റെഡാ .... ഇവന്മാരു 10 മിനിറ്റിൽ അവിടെ എത്തിക്കും...

മൊബൈൽ ഓഫ്‌ ആക്കി പോക്കറ്റിൽ ഇടുന്നു  .. ബസ്‌ അടുത്ത സ്റ്റോപ്പിൽ നിരത്താൻ വേഗത കുറയ്ക്കുന്നു

കഥാനായകൻ : (ആരോടെന്നില്ലാതെ  ഓ നശൂലങ്ങൽ ഇപ്പൊ എല്ലാം കൂടി ഇതിനകത്തോട്ട് കേറി വരും , ബാഗും സഞ്ചീം ഒച്ചേം ബഹളോം , മനുഷ്യനു സ്വസ്ഥത തരില്ല. ഇവനൊക്കെ സ്കൂൾ ബസ്സിൽ പൊയ്ക്കൂടെ? വെറുതെ മനുഷ്യനെ മെനക്കെടുത്താൻ .. വല്ല ലേഡീസ് കൊളേജോ മറ്റോ ആയിരുന്നെങ്കിൽ നമുക്ക് വല്ല ഗുണമുണ്ടായേനെ ..
 
ബസ്‌ പ്രയാണം തുടരുന്നു
 
(രംഗപടം മാറുന്നു - ഉയർന്ന പുകയ്ക്കം പൊടിക്കും ഇടയിൽ കുറെ പേർ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു, ബാക്ക്ഗ്രൗണ്ടിൽ ആംബുലൻസ് ശബ്ദം , അവ്യക്തമായ നിലവിളികൾ)

" ഞാൻ ഇപ്പോൾ നിൽക്കുന്നത് അപകടം നടന്ന ബസ്സിൽ നിന്നും ഏതാനും മീറ്ററുകൾ അകലെ മാത്രമാണ് , കൃത്യമായി എന്താണ് സംഭവിച്ചതെന്നു ഇനിയും വ്യക്തമല്ല , എങ്കിലും ബസ്സിന്റെ അമിതവേഗം തന്നെയാണ് കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു.  ഇപ്പോൾ എന്റെയൊപ്പം അപകടത്തിൽപ്പെട്ട ബസ്സിൽ യാത്ര ചെയ്തു  തൊട്ടു മുൻപിലെ ബസ്‌ സ്റ്റോപ്പിൽ ഇറങ്ങിയ ഒരു യാത്രക്കാരൻ ഉണ്ട്

പറയൂ , സത്യത്തിൽ എന്താണ് സംഭവിച്ചത്? "

കഥാനായകൻ :  സത്യത്തിൽ ഈ ബസ്‌ ഡ്രൈവർമാരുടെ മത്സരഓട്ടവും അമിത വേഗവും തന്നെയാണ് അപകടം ഉണ്ടാക്കിയതെന്ന് പറയാം , ഞാൻ ബസ്സിൽ കയറിയപ്പോൾ മുതൽ അലക്ഷ്യമായ ഡ്രൈവിംഗ് ആണ്
കാണുന്നത് , ബസ്‌ ചില സ്റ്റോപ്പിൽ നിർത്താറില്ല , സ്കൂൾ വിദ്യാർത്ഥികളെ പലപ്പോഴും ഇവർ ബസ്സിൽ കയറ്റാറില്ല. ഇവരുടെ ഈ തോന്നിവാസങ്ങൾ ചോദ്യം ചെയ്യാൻ ആളില്ല എന്ന അഹങ്കാരം ആണ് ഇത്തരം അപകടങ്ങള ഉണ്ടാക്കുന്നത് എന്നാണ് എനിക്ക് പറയാനുള്ളത്


" കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ ആണ് യാത്രക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത് ; ഇതിനെതിരെ 
ഭരണകൂടത്തിന്റെ  ഭാഗത്ത് നിന്ന് എന്ത് നടപടി ഉണ്ടായി എന്നത് ഒരു ചോദ്യചിഹ്നമായി തന്നെ അവശേഷിക്കുന്നു എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ ; കൂടുതൽ വിശദാംശങ്ങളുമായി ഉടനെ തിരിച്ചു വരാം 

ക്യാമറാമാനോടൊപ്പം ഒരു മലയാളിചാനൽ റിപ്പോർട്ടർ "

--- ശുഭം ---
 
 ഹേയ് പേടിക്കേണ്ട , ഇതിലെ കഥാനായകൻ നിങ്ങളല്ല കേട്ടോ ..