2016, നവംബർ 13, ഞായറാഴ്‌ച

നമുക്ക് നോട്ട് രൂപത്തിലുള്ള പണം എത്രത്തോളം ആവശ്യമുണ്ട്?


കേന്ദ്രസർക്കാർ 500-1000 രൂപാ നോട്ടുകൾ പിൻവലിച്ചതിൻറെ ഭാഗമായി രാജ്യത്തിൻറെ എല്ലാ ഭാഗത്തും ജനങ്ങൾ നോട്ടിനായി നെട്ടോട്ടം ഓടുന്ന കാഴ്ച്ചയാണ്. ഒരാൾക്ക് നാലായിരം എന്ന നിരക്കിൽ ഒരു കുടുംബത്തിൽ 8000 മുതൽ 16000മോ അതിൽ കൂടുതലോ രൂപ നോട്ട് രൂപത്തിൽ കിട്ടും.   സത്യത്തിൽ ഒരു കുടുംബത്തിൽ  എത്ര രൂപ നോട്ട് രൂപത്തിൽ സൂക്ഷിക്കേണ്ട ആവശ്യമുണ്ട്?  അതിനുള്ള ഉത്തരം നമ്മൾ പണം എങ്ങിനെ/ എവിടെ  ചെലവാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.


ഒരു രാജ്യത്തിൻറെ സാമ്പത്തിക ഇടപാടുകൾ എല്ലാം തന്നെ ഡിജിറ്റൽ രൂപത്തിൽ ആകുന്നതാണ്  " കണക്കില്ലാത്ത പണം "  ഒഴിവാക്കാനുള്ള മികച്ച മാർഗ്ഗം.  എന്നാൽ ഒരു രൂപ പോലും ചില്ലറ ഇല്ലാതെ പൂർണമായും ഡിജിറ്റൽ ആകുക എന്നത് ഇന്നത്തെ അവസ്ഥയിൽ ഉടനെ സംഭവിച്ചെക്കില്ല.  പക്ഷെ അങ്ങനെയൊരു നാളെ നമുക്ക് ഉണ്ടാക്കിയെടുത്തേ പറ്റൂ.

 ഡിജിറ്റൽ  മാറ്റത്തെ തുഗ്ലക്ക് പരിഷ്കരണം ആയി കാണേണ്ട കാര്യമില്ല. എല്ലാവരും ചെയ്യുന്നത് കൊണ്ട് നമുക്കും ചെയ്യാം എന്ന ശൈലിഅവലംബിച്ചാണ് തുഗ്ലക്കിൻറെ പരാജയം.  നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞു ഓരോ രീതിയുടെയും നേട്ടവും കോട്ടവും പരിശോധിച്ച ശേഷം എടുക്കുന്ന തീരുമാനങ്ങൾ ഒരിക്കലൂം അബദ്ധങ്ങൾ ആവില്ല.  ഭാരതത്തിൽ,  രാഷ്ട്രീയക്കാർക്കു  സ്വാതന്ത്ര്യ സ്വകാര്യ താൽപ്പര്യങ്ങൾ ഉണ്ടെങ്കിലും  വിവരവും, വിദ്യാഭ്യാസവും , കഴിവുമുള്ള സർക്കാർ ഉദ്യോഗസ്ഥരാണ് ഒരർത്ഥത്തിൽ രാജ്യം ഭരിക്കുന്നത്.

രാജ്യപുരോഗതിക്ക് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിക്കേണ്ടത് ആവശ്യമാണ്. അതിനു വലിയ തോതിൽ പണം ആവശ്യമാണ് , ഇത്തരം ആവശ്യങ്ങൾക്കുള്ള പണം നികുതിയായി പിരിച്ചെടുക്കുന്നതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രത്യക്ഷമായും പരോക്ഷമായും നികുതി പിരിവു നടത്തുന്നുണ്ട്. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്കു നമ്മൾ പരോക്ഷ നികുതി കൊടുക്കുന്നുണ്ട്.  എന്നാൽ പ്രത്യക്ഷ നികുതിയുടെ കാര്യത്തിൽ ചിത്രം വിഭിന്നമാണ്‌.  ഇപ്പോൾ പ്രത്യക്ഷ നികുതി ചുമത്തുന്നത് താഴെ പറയുന്ന പ്രകാരം ആണ്.

  • വരുമാനത്തിൽ നിന്നുള്ള നികുതി  - രണ്ടര ലക്ഷം വരെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിന്നീട് ഒന്നര ലക്ഷം രൂപ വരെ കരുതൽ ധനമായി സൂക്ഷിക്കാനുള്ള വകുപ്പുണ്ട്, അങ്ങിനെ നാല് ലക്ഷം വരെയുള്ള വരുമാനക്കാർക്ക് നികുതി കൊടുക്കേണ്ട കാര്യമില്ല. (ഗാർഹിക വായ്‌പ , ചികിത്സാച്ചിലവ് അങ്ങിനെ പല ചിലവുകളും  നികുതി നൽകേണ്ട തുകയിൽ നിന്ന് കുറയ്ക്കാൻ സാധിക്കും, ചുരുക്കത്തിൽ നാല് ലക്ഷം എന്നത് കുറേക്കൂടി ഉയരും, പത്ത് ലക്ഷം വരെ നികുതിയൊടുക്കാതെ നിക്ഷേപം നടത്തനുള്ള മാർഗ്ഗങ്ങൾ ചില സാമ്പത്തിക മാസികകൾ പ്രസിദ്ധീകരിച്ച് കാണുക യുണ്ടായി

  • കോർപറേറ്റ് നികുതി - പ്രധാനമായും കമ്പനികളുടെ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള വരുമാനം

  • ആഡംബര നികുതി - ഒരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലം കെട്ടിടം തുടങ്ങിയവയ്ക്കു  വിപണി മൂല്യം അനുസരിച്ച് നികുതി കണക്കാക്കുന്നു. 

  • മൂലധനത്തിലുള്ള വർദ്ധിതമൂല്യത്തിന്മേൽ ചുമത്തുന്ന  നികുതി -  സ്ഥലങ്ങളുടെയും മറ്റും വിൽപ്പന മൂലം ലഭിക്കുന്ന പണത്തിന്മേൽ ഉള്ള നികുതി .  ഒരാൾ പത്ത് ലക്ഷം രൂപയ്ക്കു വാങ്ങിയ ഒരു സ്ഥലം രണ്ടു വർഷത്തിന് ശേഷം 25 ലക്ഷത്തിനു വിൽക്കുകയാണെങ്കിൽ , അധികമായി ലഭിച്ച പണത്തിന്മേൽ നികുതി നൽകേണ്ടതുണ്ട്. 

ഇതിൽ നിങ്ങൾക്ക് ബാധകമായ നികുതി , വരുമാനം മറച്ചു വെച്ച്, നിങ്ങൾ നല്കാതിരിക്കുന്നുവെങ്കിൽ നിങ്ങളും " കണക്കിൽ പെടാത്ത പണം " സൂക്ഷിക്കുന്ന ആളാണ്. 

നമുക്കാവശ്യമുള്ള നോട്ട് രൂപത്തിലുള്ള പണം - അതിലേക്കു തിരിച്ചു വരാം.

ഒരു കുടുംബത്തിന് ചിലവുകൾ പല രൂപത്തിൽ വരും . ദിവസേനയുള്ള പാൽ-മുട്ട -മത്സ്യം-ഇറച്ചി , പച്ചക്കറി , പലവ്യഞജനം ,ബസ്, ഓട്ടോ ടാക്സി , പെട്രോൾ - ഡീസൽ എന്നിവ കൂടാതെ സ്കൂൾ - കോളേജ് ഫീസ്, ഹോട്ടൽ , ആശുപത്രികൾ , വസ്ത്രങ്ങൾ , പലപ്പോഴായി വാങ്ങേണ്ടി വരുന്ന ഇലക്ട്രിക്ക് - പ്ലംബിംഗ് - ഇരുമ്പു വസ്തുവകൾ അങ്ങിനെ പലതും. ഇവയ്ക്കു ഒരു പൊതു സ്വാഭാവമുണ്ട് , ഇവയെല്ലാം ഒരു സ്ഥാപനത്തിൽ നിന്നുമാണ് നമ്മൾ വാങ്ങുന്നത്.   പിന്നെയുള്ള ചെലവ് വരുന്നത് പണി നടക്കുന്ന വീടുകളിൽ ആണ്. ദിവസകൂലിക്കാർക്ക് കൂലി കൊടുക്കാൻ പണം നോട്ടു രൂപത്തിൽ വേണം.  

ഒന്ന് ചിന്തിച്ചു നോക്കൂ. കണക്കിൽപ്പെടാത്ത പണം ഉണ്ടാകുന്നത് , ഇത്തരം ദൈനംദിന ജീവിതവുമായി അടുത്ത് കിടക്കുന്ന മേഖലകളിൽ നിന്നാണ്.  സ്ഥാപനങ്ങളിൽ നിന്നുള്ള വാങ്ങലുകൾ ഡെബിറ്റ് കാർഡ് വഴി (Point of Sale Machines) ആയാൽ നമുക്ക് ആവശ്യമുള്ള  നോട്ടിൻറെ എണ്ണത്തിൽ വലിയ കുറവ് വരും. ഇത്തരം യന്ത്രങ്ങൾ വലിയ ചിലവില്ലാതെ വ്യാപാരികൾക്കു ബാങ്കുകളിൽ നിന്ന് ലഭിക്കും. 2 % കമ്മീഷൻ ആണ് ബാങ്കുകൾ പലപ്പോഴും ഇതിനുവാടക - സർവീസ് ഇനത്തിൽ  ഈടാക്കുന്നത് (ഇത് ഇടപാടുകാരൻ കൊടുക്കേണ്ട കാര്യമില്ല , ആരെങ്കിലും ആ തുക അവശ്യപ്പെട്ടാൽ RBIക്കു പരാതിപ്പെടാവുന്നതാണ്). കണക്കിൽ കൃത്രിമം കാണിക്കാനാണ് പലരും ഈ മെഷീൻ ഉപയോഗിക്കാതെയിരിക്കുന്നത്.  നഗരങ്ങളിൽ മെഷീൻ ഉപയോഗിക്കുന്ന കടകൾ വ്യാപകമാണ്. നഗരവാസികൾ ലഭ്യമായ ഈ സൗകര്യം ഉപയോഗിച്ചാൽ 4000 രൂപ ചില്ലറ തന്നെ ധാരാളമാണെന്ന് മനസ്സിലാകും.  ഗ്രാമപ്രദേശങ്ങളിലെ കടകളിൽ കൂടി ഈ സൗകര്യം ഏർപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ കാണിക്കണം. 


സേവനമേഖലയെ ഏകോപിച്ച് എന്തെങ്കിലും സംവിധാനം ഉടനെ വന്നേക്കും. അതുകൂടിയായാൽ  സാധാരണ ഗതിയിൽ നമുക്ക് നോട്ട് രൂപത്തിലുള്ള പണത്തിൻറെ ഉപയോഗം ഏകദേശം മുഴുവനായി തന്നെ ഒഴിവാക്കാനാകും. ഈയൊരു ദിശയിൽ വളരെ പെട്ടെന്നു സാധാരണക്കാരന് ഉപകാരപ്രദമായ മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം   
 
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ